ചെറുതോണി: ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിയോടെയാണ് രണ്ടാമത്തെ ഷട്ടർ തുറന്നത്. പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം നാലാമത്തെ ഷട്ടറും അവസാനമായി തുറന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
35 സെന്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ആണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഷട്ടറുകൾ ഉയർത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലോടെ ആലുവ, കാലടി മേഖലയിലെത്തും. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിന് ശേഷം മൂന്നു വർഷം കഴിഞ്ഞാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തിയത്.
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലെത്തുന്നതിനു മുൻപ് തുറന്നുവിട്ട് ജലവിതാനം ക്രമീകരിക്കാനാണ് നേരത്തേതന്നെ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. ജലനിരപ്പ് 2396.86 അടി പിന്നിട്ടതോടെ തിങ്കളാഴ്ച രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അളവിൽ വെള്ളം ഒഴുക്കിവിടാനാണു തീരുമാനം. ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്തതിനു ശേഷം ഇതുവരെ ആറുതവണ അണക്കെട്ട് തുറന്നിട്ടുണ്ട്. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും അഞ്ച് ഷട്ടറുകളും തുറന്നു. ഇതേ വർഷങ്ങളിൽ മഴ ശക്തമായതോടെ നവംബറിൽ വീണ്ടും അണക്കെട്ട് തുറന്നു.


